കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി
|കേസന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ വാദം.
കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ പി ആര് അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും ജാമ്യപേക്ഷ തള്ളി. കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പി.ആർ അരവിന്ദാക്ഷന് കള്ളപ്പണയിടപാടിൽ നേരിട്ട് പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ വാദം.
വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി ലോണുകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ്‌സി കെ ജിൽസ് 2011 നും 19 നും ഇടയിൽ 11 ലക്ഷത്തിന്റെ ഭൂമി വിൽപന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.