കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇ.ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ ഉത്തരവ്
|രണ്ട് മാസത്തിനകം ക്രൈംബ്രാഞ്ച് രേഖകളുടെ പരിശോധന പൂർത്തിയാക്കണം
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കാൻ ജസ്റ്റിസ് കെ ബാബു നിർദേശം നൽകി. രേഖകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്.
കരുവന്നൂർ കേസിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രധാനപ്പെട്ട വാദം. ഇത് പരിഗണിച്ചാണ് രേഖകൾ വിട്ടുനൽകാൻ ജസ്റ്റിസ് കെ ബാബു നിർദേശം നൽകിയത്. രണ്ട് മാസത്തിനകം ക്രൈബ്രാഞ്ച് രേഖകളുടെ പരിശോധന പൂർത്തിയാക്കണം. ആവശ്യമെങ്കിൽ സമയം നീട്ടി ചോദിക്കാമെന്നും കോടതി നിർദേശിച്ചു.
രേഖകൾ വിട്ടുനൽകാൻ ഇ.ഡിക്ക് മുൻപിൽ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും നൽകാനാകില്ലെന്നായിരുന്നു മറുപടി. പിന്നാലെ വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് ഹരജി നൽകി. കേസ് പരിഗണിക്കുന്ന കലൂർ പി.എം.എൽ കോടതിയും അപേക്ഷ തള്ളിയതോടെയാണ് സമാന ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തതെന്നും അതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്നും വാദം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.