കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം കൗൺസിലർ മധു അമ്പലപുരം ഇ.ഡി ഓഫീസില്‍ ഹാജരായി
|കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ, മധു അമ്പലപ്പുരത്തിന്‍റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം ഇ.ഡി ഓഫീസില്‍ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധുവിന് ഇ.ഡി ഇന്നലെ നോട്ടീസ് നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ, മധു അമ്പലപ്പുരത്തിന്‍റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.
വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആര്‍ അരവിന്ദാക്ഷനും തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്കും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരുന്ന മൂന്നാമത്തെ സി.പി.എം കൗൺസിലർ ആണ് മധു അമ്പലപുരം.
അതേസമയം, കരുവന്നൂർ ബാങ്കിൽ 2011 മുതൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ക്രമക്കേടിനെ സംബന്ധിച്ച് 2019 ൽ പരാതി ലഭിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് 18 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും 73 കോടി രൂപ നിക്ഷേപകർക്ക് തിരിച്ച് കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാങ്കിൽ വീണ്ടും വായ്പകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ 5 കോടി രൂപയുടെ വായ്പകൾ നൽകിയെന്നും ഇതിനിടെയാണ് ഇ.ഡി വന്ന് രേഖകൾ കൊണ്ടുപോയതെന്നും പറഞ്ഞ മന്ത്രി 162 ആധാരങ്ങളാണ് ഇ.ഡി ബാങ്കിൽ നിന്ന് കൊണ്ടു പോയതെന്നും വ്യക്തമാക്കി.