കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ഇ.ഡി
|അക്കൗണ്ടിന്റെ അവകാശിയായി വെച്ചിട്ടുള്ളത് ഒന്നാംപ്രതി സതീഷ് കുമാറിന്റെ സഹോദരനെയാണ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാട് കേസിൽ അറസ്റ്റിലായ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും.
അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇ.ഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി അറിയിച്ചു.
അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബെനാമി ലോണുകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നത്. അക്കൗണ്ടിൽ 63 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും ഉണ്ട്. കേസിലെ ഒന്നാം പ്രതിയായ പി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയാണ് അക്കൗണ്ടിന്റെ അവകാശിയായി വെച്ചിട്ടുള്ളത്.
അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. 2013 -14 കാലയളവിൽ അരവിന്ദാക്ഷനും സതീഷ് കുമാറും വസ്തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. എന്നാൽ ദുബായ് യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിനിടെ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷൻ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ്‌സി കെ ജിൽസ് 2011 നും 19 നും ഇടയിൽ 11 ലക്ഷത്തിന്റെ ഭൂമി വിൽപ്പന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പി.ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും അടുത്തമാസം പത്തുവരെ റിമാൻഡ് ചെയ്തു. കൂടുതൽ വിശദമായ ചോദ്യം ചെയ്യലിനായി അരവിന്ദാക്ഷനെ അടുത്തയാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ഇഡിയുടെ നീക്കം.