കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി
|നിക്ഷേപങ്ങൾ തിരികെ നൽകുന്നതറിഞ്ഞ് നിരവധി പേരാണ് രാവിലെ മുതൽ കരുവന്നൂർ ബാങ്കിന്റെ ശാഖകളിലേക്ക് എത്തിയത്
തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിത്തുടങ്ങി. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ് തിരികെ നൽകാൻ ആരംഭിച്ചത്. നിക്ഷേപങ്ങൾ തിരികെ നൽകുന്നതറിഞ്ഞ് നിരവധി പേരാണ് രാവിലെ മുതൽ കരുവന്നൂർ ബാങ്കിന്റെ ശാഖകളിലേക്ക് എത്തിയത്. 10 മണിയോടെ ആദ്യയാൾക്ക് പണം തിരികെ ലഭിച്ചു. പണം നൽകി തുടങ്ങിയതറിഞ്ഞ് അമ്പതിനായിരം രൂപയിൽ താഴെയും ഒരു ലക്ഷം രൂപക്ക് മുകളിലും നിക്ഷേപമുള്ളവരും ബാങ്കിൽ എത്തിയിരുന്നു. എന്നാൽ 11ാം തിയ്യതി മുതലാണ് അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരിച്ച സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാനാവുക. 20ാം തിയതി മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിങ് നിക്ഷേപകർക്ക് അമ്പതിനായിരം വരെ പിൻവലിക്കാം.
ആകെയുള്ള 23,688 സേവിങ്ങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 134 കോടി രൂപയുടെ സ്ഥിര നിക്ഷേപത്തിൽ 79 കോടി രൂപ പൂർണമായി പിൻവലിക്കാനുള്ള അവസരം ഒരുക്കുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.
അതേസമയം നിക്ഷേപകരുടെ ആശങ്കയും പ്രതിഷേധവും അറിക്കാൻ കരുവന്നൂർ ബാങ്കിനു മുന്നിൽ നിന്ന് കലക്ട്രേറ്റിലേക്ക് നിക്ഷേപകനായ ജോഷി ഒറ്റയാൾ സമരം നടത്തുകയാണ്. 82 ലക്ഷം രൂപയാണ് മാപ്രാണം സ്വദേശിയായ വടക്കേത്തല ജോഷിയ്ക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത്. കാലാവധി പൂർത്തിയായ മുഴുവൻ നിക്ഷേപങ്ങളും തിരികെ നൽകണമെന്ന ആവശ്യമാണ് ജോഷി ഉയർത്തുന്നത്. ടിഎൻ പ്രതാപൻ എം പിയും മുൻ എംഎൽഎ അനിൽ അക്കര തുടങ്ങിയവരും ജോഷിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടപ്പ് സമരത്തിൽ പങ്കെടുത്തു.
Karuvannur Bank has started refunding money to depositors