തൃശൂർ അയ്യന്തോൾ ബാങ്കിലെ ഇ ഡി റെയ്ഡ് അവസാനിച്ചു; ഉദ്യോഗസ്ഥർ ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്ന് ബാങ്ക് പ്രസിഡന്റ്
|റെയ്ഡ് 25 മണിക്കൂർ നീണ്ടു നിന്നു
തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂർ അയ്യന്തോൾ സഹകരണ ബാങ്കിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു. 25 മണിക്കൂർ നീണ്ടു നിന്ന റെയ്ഡാണ് അവസാനിച്ചത്. ബാങ്കിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നും അയ്യന്തോൾ ബാങ്ക് പ്രസിഡൻ്റ് എൻ രവീന്ദ്രനാഥൻ മീഡിയവണിനോട് പറഞ്ഞു. റെയ്ഡിന് ബാങ്ക് പൂർണ്ണമായും സഹകരിച്ചു. എന്നാൽ ഇ.ഡി ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്നും രവീന്ദ്രനാഥൻ കൂട്ടിച്ചേർത്തു. അയ്യന്തോൾ ബാങ്കിൽ ഇന്നലെ തുടങ്ങിയ പരിശോധന അവസാനിച്ചു പുലർച്ചെയാണ് ഇഡി സംഘം മടങ്ങിയത്.
സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും ഇ.ഡി പരിശോധിച്ചുവെന്ന് എൻ രവീന്ദ്രനാഥൻ. ഇഡി ആരോപിക്കുന്ന ഇടപാടുകൾ നടന്ന് ഒന്നര വർഷത്തേതാണ്. നോട്ടു നിരോധനത്തിനു മുൻപ് നടന്ന ഇടപാടുകളാണിത്. 40 കോടിയുടെ കണക്കുകൾ എങ്ങിനെ വന്നുവെന്നറിയില്ല. ക്രെഡിറ്റ്സും ഡെബിറ്റ്സും ഒരുമിച്ചു നോക്കിയാലും അത്രയും ഉണ്ടാകില്ലെന്നും എൻ രവീന്ദ്രനാഥൻ പറഞ്ഞു. സതീഷ് ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഇൻസ്റ്റാൾമെന്റ് അടയ്ക്കുന്നത് നിഷേധിക്കാൻ ബാങ്കിന് ആവില്ലരവീന്ദ്രനാഥൻ വിശദീകരിച്ചു.
സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിൽ റെയ്ഡ് നടന്നത്. നിരവധി തവണ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ബാങ്കില്‍ ഇഡി പരിശോധന നടന്നത്.