കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ ചോദ്യം ചെയ്യും
|നാലാം തവണയാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാമത്തെ പ്രാവശ്യമാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് വർഗീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ മൂന്ന് തവണയായി 25 മണിക്കൂറിലധികം എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ എട്ട് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്തു. എന്നാൽ എം.എം വർഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എം.എം വർഗീസ് തയ്യാറാവുന്നില്ലെന്നും ഇ.ഡി പറയുന്നു.
കഴിഞ്ഞ ആറു വർഷമായി തൃശൂർ ജില്ലാ സെക്രട്ടറിയാണ് എം.എം വർഗീസ്. പാർട്ടി നിർദേശപ്രകാരം ബാങ്കിൽ നടന്ന ഇടപാടുകളെല്ലാം വർഗീസിന്റെ അറിവോടെയായിരിക്കും എന്ന നിഗമനത്തിലാണ് ഇ.ഡി. അതിനിടെ കൂടുതൽ സി.പി.എം നേതാക്കളെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി എം.ബി രാജു, കരുവന്നൂർ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.