കരുവന്നൂർ; നടന്നത് 90 കോടിയുടെ തട്ടിപ്പ്, ആദ്യ കുറ്റപത്രം സമർപ്പിച്ചു
|ബിജോയിയാണ് കേസിലെ മുഖ്യപ്രതി, സതീഷ് കുമാർ 13ാം പ്രതിയും പിആർ അരവിന്ദാക്ഷൻ 14ാം പ്രതിയുമാണ്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ആറ് വലിയ പെട്ടികളിലാക്കിയെത്തിച്ച 12,000 ത്തോളം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജോയിയാണ് കേസിലെ മുഖ്യപ്രതി
ഒന്നാം പ്രതിയായി കണക്കാക്കിയിരുന്ന സതീഷ് കുമാറിനെ 13ാം പ്രതിയാക്കി എന്നതാണ് കുറ്റപത്രം സമർപ്പിക്കുമ്പോൾ കണക്കിലെടുക്കേണ്ട പ്രധാനമാറ്റം. പിആർ അരവിന്ദാക്ഷൻ 14ാം പ്രതിയാണ്.
കരുവന്നൂർ ബാങ്കിന് റബ്‌കോയുമായി ഇടപാടുകളുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് ഇടനില വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജോയിയെ മുഖ്യപ്രതിയാക്കിയിരിക്കുന്നത്. ബിജോയുടെ നേതൃത്വത്തിൽ വലിയ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരുമടക്കം 55 പേരാണ് ആകെ പ്രതിപ്പട്ടികയിലുള്ളത്.
ബിജോയുടെ മൂന്ന് സ്ഥാപനങ്ങളും പിപി കിരണിന്റെ 2 സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്. ഒൻപതാം പ്രതിയാണ് പിപി കിരൺ. സി.കെ ജിൽസ് പതിനാറാം പ്രതിയും. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ 32 ആം പ്രതിയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരും അടക്കം മൊത്തത്തിൽ 55 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ഇതുവരെയുള്ള അന്വേഷണത്തിൽ 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ആറ് വലിയ പെട്ടികളിലായാണ് പന്ത്രണ്ടായിരത്തിലേറെ പേജുകൾ വരുന്ന കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഇനിയും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ എസ് ജി കവിദ്ക്കർ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അടുത്തഘട്ടത്തിലാകും മുൻമന്ത്രി എസി മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ എന്നിവരെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടക്കുക.
ഇന്ന് രാവിലെ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം നൽകി തുടങ്ങിയിരുന്നു. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ് തിരികെ നൽകാൻ ആരംഭിച്ചത്. 11ാം തിയ്യതി മുതലാണ് അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരിച്ച സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാനാവുക. 20ാം തിയതി മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിങ് നിക്ഷേപകർക്ക് അമ്പതിനായിരം വരെ പിൻവലിക്കാം.
ആകെയുള്ള 23,688 സേവിങ്ങ് ബാങ്ക് നിക്ഷേപരിൽ 21190 പേർക്ക് പൂർണ്ണമായി തുക പിൻവലിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 134 കോടി രൂപയുടെ സ്ഥിര നിക്ഷേപത്തിൽ 79 കോടി രൂപ പൂർണമായി പിൻവലിക്കാനുള്ള അവസരം ഒരുക്കുമെന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.