'ഒളിവിലല്ല, തിരിച്ചടവ് മുടങ്ങിയത് റിയൽ എസ്റ്റേറ്റ് കച്ചവടം തകർന്നതിനാല്‍'; കരുവന്നൂർ കേസ് പ്രതി അനിൽകുമാർ
|വായ്പ എടുത്തത് അഞ്ച് സ്ഥലങ്ങൾ ഈടാക്കിയാണെന്നും അനില്‍ കുമാര്‍ മീഡിയവണിനോട്
താൻ ഒളിവിലല്ലെന്ന് കരുവന്നൂർബാങ്ക് തട്ടിപ്പ് കേസ് പ്രതി അനിൽകുമാർ. അഞ്ച് സ്ഥലങ്ങൾ ഈടാക്കിയാണ് വായ്പ എടുത്തത്. ഒരാൾക്ക് അമ്പത് ലക്ഷമേ വായ്പ എടുക്കാൻ പാടുള്ളൂ എന്നറിയില്ലായിരുന്നു. ഒമ്പത് കോടിയോളം രൂപ വായ്പ എടുത്തു. റിയൽ എസ്റ്റേറ്റ് കച്ചവടം തകർന്നതാണ് തിരിച്ചടവ് മുടങ്ങിയത്. കരുവന്നൂരിൽ നിന്ന് വായ്പ എടുക്കുന്നത് അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു. അനിൽ കുമാർ ഒളിവിലാണെന്നും ഇതിന് സി.പി.എം നേതാക്കളാണ് ഒത്താശ ചെയ്യുന്നതെന്നാണ് ഇ.ഡി ആരോപണം.
അതേസമയം, കരുവന്നൂർ കേസിലെ ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന സി.പി.എം കൗൺസിലറുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.