കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ് അട്ടിമറിക്കാൻ സി.പി.എം - ക്രൈം ബ്രാഞ്ച് ഗൂഢാലോചനയെന്ന് കോൺഗ്രസ്
|തട്ടിപ്പു നടത്തിയ പണം കേരള ബാങ്കിൽ നിന്ന് കൊടുത്തത് കേസ് ഒതുക്കി തീർക്കാനെന്നും ആരോപണം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ക്രൈം ബ്രാഞ്ചും ചേർന്നു ശ്രമിക്കുകയാണെന്ന് കോൺഗ്രസ്. ജില്ല നേതാക്കൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതോടെ കേസ് തേച്ചു മായിച്ചു കളയാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ആരോപിച്ചു.
കേസിൽ ഇതു വരെ 3 പ്രതികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിന്റെ അന്വേഷണം മെല്ലെ പോകുന്നത് അട്ടിമറി നീക്കാമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തട്ടിപ്പ് നടത്തിയ പണം കേരള ബാങ്കിൽ നിന്ന് കൊടുത്ത ശേഷം കേസ് ഒതുക്കി തീർക്കാനാണെന്ന് സംശയമുണ്ടെന്നു ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ആരോപിച്ചു. സി.പി.എം നേതൃത്വം ഇടപെട്ട് കേസ് ആട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആറു പേരെ പ്രതികളാക്കി തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു ഒരു മാസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതി പട്ടികയിലെ ഒന്ന് മുതൽ മൂന്നു വരെയുള്ള പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള പരമാവധി സമയം നൽകുകയാണെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.