കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബിജു കരീമും ബിജോയിയും നടത്തിയത് കോടികളുടെ തട്ടിപ്പ്
|ഇരുവരും ചേർന്ന് വായ്പ ചട്ടങ്ങൾ മറികടന്ന് 46 ലോണുകളിൽ നിന്നായി 50 കോടിയിലധികം രൂപയാണ് ബാങ്കിൽ നിന്നെടുത്തത്
കരുവന്നൂർ സഹകരണ ബാങ്കിൽ മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും മാത്രം നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഇരുവരും ചേർന്ന് വായ്പ ചട്ടങ്ങൾ മറികടന്ന് 46 ലോണുകളിൽ നിന്നായി 50 കോടിയിലധികം രൂപയാണ് ബാങ്കിൽ നിന്നെടുത്തത്. ബാങ്കിൽ ജോലി ലഭിച്ചതിന് ശേഷം വളരെ പെട്ടെന്ന് സാമ്പത്തിക വളർച്ച ഇരുവരും ഉണ്ടാക്കിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.
കരുവന്നൂർ സഹകരണ ബാങ്കിലെ മുൻ മാനേജറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരിമാണ് വായ്പ തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് സഹകരണ ജോയിന്‍റ് രജിസ്ട്രാർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ബിജു കരീം കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി. ഭാര്യ, ഭാര്യയുടെ അച്ഛൻ, അമ്മ, തുടങ്ങിയ ബന്ധുക്കളുടെ പേരിൽ 19 കോടി രൂപയുടെ വായ്പയാണ് എടുത്തത്. ഒരാളുടെ അക്കൗണ്ടിൽ രണ്ട് വായ്പയെ പാസ്സാക്കാവു എന്ന ചട്ടം നിലനിൽക്കെയാണ് കോടികളുടെ തട്ടിപ്പ്. ബാങ്കിലെ കമ്മീഷൻ ഏജന്‍റായ ബിജോയ് 28 വായ്പകളിൽ നിന്നായി 26 കോടി രൂപയാണ് വായ്പയായി ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. തിരിമറി നടത്തിയ പണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും റിസോർട് നിർമാണത്തിനുമാണ് ഇരുവരും കൂടുതലായി ചിലവഴിച്ചത്. ബിജു കരീമിന്‍റെയും, ബിജോയുടെയും സാമ്പത്തിക സ്ഥിതിയിൽ വളരെ പെട്ടെന്ന് ഉയർച്ച ഉണ്ടായത് ബാങ്കിൽ ജോലി ലഭിച്ചതിന് ശേഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഇരുവരും ഒളിവിലാണ്.