കരുവന്നൂര്‍: കണ്ടുകെട്ടിയ വസ്തുവകകളില്‍ നിന്ന് തുക തിരിച്ച് നല്‍കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
|കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.
കൊച്ചി: കരുവന്നൂര്‍ ബാങ്കിലെ കളളപ്പണ ഇടപാട് കേസില്‍ കണ്ടുകെട്ടിയ വസ്തുവകകളില്‍ നിന്ന് നിക്ഷേപര്‍ക്ക് തുക തിരിച്ച് നല്‍കാവുന്നതാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകന് കൊച്ചി പിഎംഎല്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതില്‍ കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു.ഇതിനു മറുപടിയായി ഇഡി കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.
കരുവന്നൂര്‍ തട്ടിപ്പുക്കാരെ ഉടന്‍ പിടികൂടുമെന്നും കണ്ടെടുത്ത വസ്തുവകകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് തുക തിരിച്ച് നല്‍കുമെന്നും പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇഡിയുടെ തീരുമാനം. കാലാവധി അവസാനിച്ച സ്ഥിരം നിക്ഷേപ അക്കൗണ്ട് ഉടമകള്‍ക്ക് പണം തിരികെ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അതില്‍ കാര്യമായ നടപടി ഉണ്ടായിട്ടില്ല.കരുവന്നൂര്‍ ബാങ്കില്‍ ആകെ 23,688 സ്ഥിരം നിക്ഷേപ അക്കൗണ്ടുകളാണുളളത്.തെരഞ്ഞെടുപ്പ് സമയത്ത് ഇഡി നടത്തുന്ന നീക്കം ശ്രദ്ധേയമാണ്.