Kerala
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ

Web Desk
|
28 Sep 2022 4:17 PM GMT

സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തൽക്കാലം തിരിച്ചു നൽകുക.

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുക.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തൽക്കാലം തിരിച്ചു നൽകുക. ബാങ്കിൽ നിന്ന് വായ്പ കുടിശികയായതിനെ തുടർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ നൽകിയ ഹരജികളും സിംഗിൾ ബെഞ്ച് ഇതോടൊപ്പം പരിഗണിച്ചു.

ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ ആ​ഗസ്റ്റ് 24ന് സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. റിസ്ക് ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു.

കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

2021 ജൂലൈ 14 ലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നാണ് പരാതി. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

കൂടാതെ, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു കേസിൽ ആ​ഗസ്റ്റ് 10ന് നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്.

ബാങ്കിലെ വായ്പകളും ചിട്ടികളും സംബന്ധിച്ച ലെഡ്ജറുകളാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ വീടുകളിൽ ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും ഇഡി പിടിച്ചെടുത്തിരുന്നു.

തുടർന്ന് കേന്ദ്ര ഡയറക്ടറേറ്റിന് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു. ബാങ്കിൽ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുന്നതായി ഇ.ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ആ​ഗസ്റ്റ് ആദ്യം നിർദേശം നൽകിയിരുന്നു. നിക്ഷേപകർക്ക് കേരള ബാങ്ക് പണം കൊടുക്കുമോയെന്നും കോടതി ചോദിച്ചു. നിക്ഷേപകർക്ക് പണം നൽകാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഈട് നൽകി വായ്പയെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ‍

Similar Posts