കെഎഎസ്: മലയാളം മീഡിയത്തിലെഴുതിയ ഉത്തരപേപ്പറുകളുടെ മൂല്യനിർണയത്തിൽ പാളിച്ചകളുണ്ടെന്നതിന്റെ തെളിവ് പുറത്ത്
|മലയാളം ആൻസർ കീ ഇല്ലാത്തതിന്റെ അഭാവം മൂല്യനിർണയത്തിൽ മുഴച്ചുനിന്നു. മുഴുവൻ പോയിന്റുമെഴുതിയ അഞ്ച് മാർക്കിന്റെ ചോദ്യത്തിന് പലർക്കും ലഭിച്ചത് ഒന്നോ അതിൽ താഴെയോ മാർക്കാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ മലയാളം മീഡിയത്തിലെഴുതിയ ഉത്തരപേപ്പറുകളുടെ മൂല്യനിർണയത്തിൽ പാളിച്ചയുണ്ടെന്നതിന് തെളിവ് പുറത്ത്. ചില ഉത്തരപേപ്പറിൽ തെറ്റായ ഉത്തരത്തിന് മാർക്ക് നൽകിയപ്പോൾ ശരിയായ ഉത്തരത്തിന് ആനുപാതികമായ മാർക്ക് നൽകിയില്ല. വിവരാവകാശ നിയമപ്രകാരം ഉത്തരപേപ്പറിന്റെ പകർപ്പ് ലഭിച്ചപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. മലയാളത്തിൽ പരീക്ഷയെഴുതിയവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താത് നേരത്തെ വിവാദമായിരുന്നു.
ആലപ്പുഴ സ്വദേശിയുടെ ഉത്തരപേപ്പറിൽ ഐക്യകേരള പ്രസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതിയതപ്പോൾ അൽപം നീണ്ടു. അടുത്ത ഉത്തരമെഴുതാനുള്ള ഭാഗത്തേക്ക് കൂടി ആയി. രണ്ടിനും കിട്ടി മാർക്ക്. അതായത് ശരിയായ ഉത്തരത്തിനും തെറ്റായ ഉത്തരത്തിനും മാർക്ക് ലഭിച്ചു.
മലയാളം ആൻസർ കീ ഇല്ലാത്തതിന്റെ അഭാവം മൂല്യനിർണയത്തിൽ മുഴച്ചുനിന്നു. മുഴുവൻ പോയിന്റുമെഴുതിയ അഞ്ച് മാർക്കിന്റെ ചോദ്യത്തിന് പലർക്കും ലഭിച്ചത് ഒന്നോ അതിൽ താഴെയോ മാർക്കാണ്. മലയാളത്തിൽ ഉത്തരമെഴുതാൻ ആവശ്യമായ സ്ഥലം ലഭിച്ചില്ലെന്നും ഉദ്യോഗാർഥിക്കൾ പരാതിയുണ്ട്.
മൂല്യനിർണയത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗാർഥികൾ പിഎസ്‌സിക്ക് പരാതി നൽകി. ആറുപേർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസും ഫയൽ ചെയ്തു. കെഎഎസ് മാത്രമല്ല ഒരു പിഎസ്‌സി പരീക്ഷയും മലയാളത്തിലെഴുതാൻ പാടില്ലെന്ന അനുഭമാണ് കെഎഎസ് മലയാളത്തിലെഴുതിയവർ പങ്കുവെക്കുന്നത്.