Kerala
Neeleswaram Firecracker Accident
Kerala

കാസര്‍കോട് വെടിക്കെട്ട് അപകടം; വധശ്രമത്തിന് കേസ്, പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം

Web Desk
|
30 Oct 2024 8:07 AM GMT

കേസിൽ 8 പേരാണ് പ്രതികൾ

കാസര്‍കോട്: കാസർകോട് നീലേശ്വരം ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ വധശ്രമത്തിന് കേസെടുത്തു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ട മഹോത്സവത്തിനിടെ തിങ്കളാഴ്ച പുലർച്ചെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്. കേസിൽ 8 പേരാണ് പ്രതികൾ. ഇതിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ഭരതൻ, സെക്രടറി ചന്ദ്രശേഖരൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മറ്റ് അഞ്ചുപേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തെയ്യം കാണാൻ എത്തുന്നവർ ഇരിക്കുന്ന സ്ഥലത്ത് തന്നെ പടക്കം സൂക്ഷിച്ചതും ഇതിനോട് ചേർന്ന് തന്നെ പടക്കം പൊട്ടിച്ചതുമാണ് അപകടകാരണം. സംഘാടകർ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒരാളും കണ്ണൂർ മിംസിൽ 2 പേരും കോഴിക്കോട് മിംസിൽ 4 പേരും വെൻ്റിലേറ്ററിലുണ്ട്. 21 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ 81 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. നീലേശ്വരം വെടിക്കെട്ട് അപകടത്തിന്‍റെ സാഹചര്യത്തിൽ നീലേശ്വരം ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു.



Similar Posts