കാസർക്കോട്ടെ ടാറ്റ കോവിഡ് ആശുപത്രി പൊളിക്കുന്നു; സ്ഥിരംകെട്ടിട നിര്‍മാണം ഒരു വര്‍ഷത്തിനകം
|140 കണ്ടെയിനറുകളിലായി നിർമ്മിച്ച ടാറ്റാ ആശുപതി കോവിഡ് രോഗികൾ ഇല്ലാതായതോടെ പ്രവർത്തനം നിലച്ചു. ഇതോടെ മിക്ക കണ്ടെയിനറുകളും ദ്രവിച്ച് നിലം പൊത്താറായ അവസ്ഥയിലായി
കാസർകോട്: കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കാസർകോട് തെക്കിലിൽ നിർമിച്ചു നൽകിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി പൊളിച്ച് നീക്കി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്ന നടപടികൾക്ക് തുടക്കമായി. 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള അതിതീവ്ര പരിചരണ ആശുപത്രി ഒരു വർഷത്തിനകം പൂർത്തിയാക്കും.
140 കണ്ടെയിനറുകളിലായി നിർമ്മിച്ച ടാറ്റാ ആശുപതി കോവിഡ് രോഗികൾ ഇല്ലാതായതോടെ പ്രവർത്തനം നിലച്ചു. ഇതോടെ മിക്ക കണ്ടെയിനറുകളും ദ്രവിച്ച് നിലം പൊത്താറായ അവസ്ഥയിലായി. ആശുപത്രിയും പരിസരവും കാടുകയറി. ഈ കണ്ടെയിനറുകൾ മാറ്റി സ്ഥിരം കെട്ടിടം സ്ഥാപിച്ച് ക്രിട്ടിക്കൽ കെയർ യൂണിറ്റാനാണ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ 40 കണ്ടെയ്നറുകൾ നീക്കി. നിലം ഒരുക്കി കോൺക്രീറ്റ് കെട്ടിടം നിർമിക്കും. ആശുപത്രി കെട്ടിട നിർമാണം തുടങ്ങുന്നതിന്റെ പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്യാൻ സി.എച്ച് കുഞ്ഞമ്പു എം.എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എഞ്ചിനിയർമാരും സ്ഥലം പരിശോധിച്ചു. 45,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക.
6 കോടി രൂപയുടെ ഉപകരണങ്ങളും ലഭ്യമാകും. കാസർകോട് ജില്ലാ ആശുപത്രിയുടെ കീഴിലാവും പ്രവർത്തനം. ചുമതല ജില്ലാ പഞ്ചായത്തിനായിരിക്കും. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് -ഹെൽത്ത് ഇൻഫ്രാസ്ട്രെക്ചർ മിഷൻ പ്രകാരം 23.75 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്. കൂടാതെ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച 10 കോടി രൂപയും ഉപയോഗപ്പെടുത്തും.