Kerala
ടാറ്റാ കോവിഡ് ആശുപത്രിക്കായി നൽകിയ വഖഫ് ഭൂമി തിരിച്ചുകിട്ടാന്‍ മന്ത്രിതല ഇടപെടലുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala

ടാറ്റാ കോവിഡ് ആശുപത്രിക്കായി നൽകിയ വഖഫ് ഭൂമി തിരിച്ചുകിട്ടാന്‍ മന്ത്രിതല ഇടപെടലുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Web Desk
|
6 Jan 2022 1:01 AM GMT

വഖഫ് ബോർഡ് സർക്കാരിന് നോട്ടീസ് അയച്ച ശേഷവും തുടർ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് കാസർകോട് മലബാർ ഇസ്ലാമിക്ക് കോംപ്ലക്സ് അസോസിയേഷൻ യോഗം ചേർന്നത്

ടാറ്റാ കോവിഡ് ആശുപത്രിക്കായി വിട്ടുനൽകിയ വഖഫ് ഭൂമി തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് മന്ത്രിതലത്തിൽ ഇടപെടൽ നടക്കുന്നുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്നലെ ചേർന്ന മലബാർ ഇസ്‍ലാമിക് കോംപ്ലക്സ് അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് ജിഫ്രി തങ്ങൾ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഉറപ്പിൽ പ്രതിഷേധത്തിലേക്ക് തൽക്കാലം പോകേണ്ടെന്ന് എം.ഐ.സി തീരുമാനിച്ചു.

ടാറ്റാ കോവിഡ് ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് സർക്കാരിന് നോട്ടീസ് അയച്ച ശേഷവും തുടർ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു കാസർകോട് മലബാർ ഇസ്ലാമിക്ക് കോംപ്ലക്സ് അസോസിയേഷൻ ജനറൽ ബോഡി ചേർന്നത്. പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലായിരുന്നു യോഗം.

റവന്യു വകുപ്പിന്‍റെ തീരുമാനമോ അനുമതിയോ ഇല്ലാതെ ജില്ലാ കളക്ടർ ഉണ്ടാക്കിയ കരാർ പ്രകാരം ഭൂമി വിട്ടുനൽകിയത് വീഴ്ചയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭൂമി തിരിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉറപ്പ് നൽകിയതായി ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗത്തെ അറിയിച്ചു. മന്ത്രി വഖഫ് ബോർഡിൽ നിന്നും ഇത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിക്കുന്ന മുറക്ക് ഭൂമി തിരിച്ച് കിട്ടുന്ന നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗത്തെ അറിയിച്ചത്. മന്ത്രി വാഗ്ദാനം പാലിച്ചില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധത്തിലേക്കിറങ്ങിയാൽ മതിയെന്നാണ് യോഗ തീരുമാനം.

ഭൂമി തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനും വഖഫ് ബോർഡിനും ജില്ലാ കളക്ടര്‍ക്കും ഒരിക്കൽ കൂടി നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കാസർകോട് ജില്ലാ കലക്ടറായിരുന്ന ഡോ. ഡി.സജിത്ബാബുവിന്‍റെ നേതൃത്വത്തിൽ 2020 ഏപ്രിലിലാണ് കാസർകോട് തെക്കിൽ വില്ലേജിൽ ടാറ്റാ കോവിഡ് ആശുപത്രിക്കായി എം.ഐ.സിയുടെ 4.16 ഏക്കർ വഖഫ്ഭൂമി ഏറ്റെടുത്തത്.

Related Tags :
Similar Posts