മരം കടപുഴകി ദേഹത്തേക്ക് വീണു; കാസർകോട്ട് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
|വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം
കാഞ്ഞങ്ങാട്: കാസർകോട്ട് മരംവീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ആയിഷത്ത് മിൻഹ(11)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
സ്‌കൂളിന് മുമ്പിലുണ്ടായിരുന്ന വലിയ മരം കടപുഴകി വീണാണ് അപകടമുണ്ടായത്. മിൻഹയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾക്ക് വലിയ പരിക്കുകളില്ല. മിൻഹയുടെ ദേഹത്തേക്കാണ് മരം കടപുഴകി വീണത്. ഉടൻ തന്നെ മിൻഹയെ കുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പളം സഹകരണ ആശുപത്രിയിലാണ് ഇപ്പോൾ കുട്ടിയുടെ മൃതദേഹമുള്ളത്. അംഗടിമുഗർ സ്വദേശികളായ യൂസുഫ്-ഫാത്തിമ ദമ്പതികളുടെ മകളാണ് മിൻഹ.
സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ, ഡി.ഡി.ഇ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് റിപ്പോർട്ട് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവം എങ്ങനെ ഉണ്ടായി എന്ന കാര്യം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം എന്ന നിർദേശം സ്‌കൂളുകൾക്ക് നേരത്തേ നൽകിയതാണെന്നും നിർദേശം സ്‌കൂളുകൾ കർശനമായി പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.