'കാസർകോട്ടെ ഷവർമ സാംപിളിൽ ഷിഗല്ല, സാൽമൊണല്ല സാന്നിധ്യം'- പരിശോധനാ ഫലം പുറത്ത്
|ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാംപിളുകൾ അപായകരമാണെന്ന് സ്ഥിരീകരിച്ചതിനാൽ സ്ഥാപനത്തിനുമേൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹോട്ടലിൽനിന്ന് ശേഖരിച്ച ഷവർമ സാംപിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത്. ഷവർമ സാംപിളിൽ ഷിഗല്ല, സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഹോട്ടലിൽനിന്ന് ശേഖരിച്ച ചിക്കൻ ഷവർമയുടെയും കുരുമുളകുപൊടിയുടെയും പരിശോധനാഫലമാണ് പുറത്തുവന്നത്. ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും കുരുമുളകുപൊടിയിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകൾ അപായകരമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ സ്ഥാപനത്തിനുമേൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാംപയിനിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 349 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാംപിളുകൾ പരിശോധനയ്ക്കയച്ചു.
ഈ മാസം രണ്ടുമുതൽ ഇന്നുവരെ കഴിഞ്ഞ ആറു ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 1,132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാംപിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ഇതുവരെ 6,035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,010 പരിശോധനകളിൽ 2,014 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച 'ഓപറേഷൻ ജാഗറി'യുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ അഞ്ച് സ്റ്റാറ്റിയൂട്ടറി സാംപിൾ ശേഖരിച്ചു. ആറുപേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.
Summary: Kerala state health Minister Veena George has said that Shawarma samples collected from a hotel, where a student died of food poisoning, in Cheruvathur, Kasargod, were found to contain Shigella and Salmonella bacteria.