കാസര്‍കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും
|മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റത്. ഇവരിൽ 107 പേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ആശുപത്രികളിലാണ് ചികിത്സയില്‍ കഴിയുന്നത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായത് ദുരന്തത്തിൻ്റെ ആഘാതം കുറച്ചു.
സംഭവത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, കമ്മറ്റി അംഗങ്ങൾ ആയ എ.വി ഭാസ്ക്കരൻ, തമ്പാൻ, ശശി, ചന്ദ്രൻ, ബാബു ,പടക്കങ്ങൾ പൊട്ടിച്ച രാജേഷ് എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം അന്വേഷിക്കുന്നതിനായി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.