കാസർകോട് വഖഫ് ഭൂമി കൈമാറ്റം: മലബാർ ഇസ്‍ലാമിക്ക് കോംപ്ലക്സ് അസോസിയേഷന്‍ ജനറൽ ബോഡി യോഗം ഇന്ന്
|എം.ഐ.സി പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗത്തിൽ പങ്കെടുക്കും
ടാറ്റാ കോവിഡ് ആശുപത്രിക്കായി വിട്ടു നൽകിയ വഖഫ് ഭൂമിക്ക് പകരം ഭൂമി ലഭിക്കാത്ത സാഹചര്യം ചർച്ച ചെയ്യാൻ കാസർകോട് മലബാർ ഇസ്‍ലാമിക്ക് കോംപ്ലക്സ് അസോസിയേഷന്‍റെ ജനറൽ ബോഡി യോഗം ഇന്ന്. എം.ഐ.സി പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗത്തിൽ പങ്കെടുക്കും. ഭൂമി വിഷയത്തിലെ തുടർ നീക്കങ്ങൾക്ക് യോഗം രൂപം നൽകും.
കാസർകോട് ജില്ലാ കലക്ടറായിരുന്ന ഡോ. ഡി.സജിത്ബാബുവിന്‍റെ നേത്യത്യത്തിൽ 2020 ഏപ്രിലിലായിരുന്നു കാസർകോട് തെക്കിൽ വില്ലേജിൽ ടാറ്റാ കോവിഡ് ആശുപത്രിക്കായി 4.16 ഏക്കർ വഖഫ് ഭൂമി എം.ഐ.സി വിട്ടു നൽകിയത്. 1958 ലെ ലാന്‍റ് റിലിന്‍ക്വിഷ്മെന്‍റ് നിയമപ്രകാരമായിരുന്നു ഭൂമി കൈമാറ്റം. ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമി 3 മാസത്തിനകം നല്‍കാമെന്ന് ജില്ലാ കലക്ടറും എം.ഐ.സി പ്രസിഡന്‍റും സമസ്ത പ്രസിഡന്‍റുമായ ജിഫ്രി മുത്തുക്കോയ തങ്ങളും തമ്മിൽ കരാറും ഉണ്ടാക്കി. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഭൂമി കിട്ടാതെ വന്നതോടെ എം.ഐ.സി വഖഫ് ബോർഡിനെ സമീപ്പിക്കുകയായിരുന്നു.
വഖഫ് ബോർഡ് സർക്കാരിന് നോട്ടീസ് അയച്ച ശേഷവും തുടർ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് എം.ഐ.സിയുടെ ജനറൽ ബോഡി യോഗം. ഭൂമി തിരിച്ച് കിട്ടുന്നതിനായി നിയമ നടപടി സ്വീകരിക്കുന്ന കാര്യമടക്കം ഇന്ന് യോഗത്തിൽ ചർച്ചയാവും. റവന്യു വകുപ്പിന്‍റെ തീരുമാനമോ അനുമതിയോ ഇല്ലാതെ പകരം ഭൂമി നൽകാമെന്ന് കരാറുണ്ടാക്കി കലക്ടർ കബളിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപവും യോഗത്തിൽ ഉയരും. ജില്ലാ കലക്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.