Kerala
Kashmir Jamaat-e-Islami joins hands with Awami Ittihad Party (AIP) of Engineer Rashid in Jammu and Kashmir assembly elections, Jammu and Kashmir assembly elections 2024
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻജിനീയർ റാഷിദിന്റെ അവാമി ഇത്തിഹാദും കശ്മീർ ജമാഅത്തും തമ്മിൽ സഖ്യം

Web Desk
|
15 Sep 2024 6:24 PM GMT

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിലിലിരുന്ന് ബാരാമുല്ലയിൽനിന്ന് ജനവിധി തേടിയ എൻജിനീയർ റാഷിദ് രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് ഉമർ അബ്ദുല്ലയെ തോൽപിച്ചത്

ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി ഇത്തിഹാദ് പാർട്ടിക്കൊപ്പം(എഐപി) കൈകോർത്ത് കശ്മീർ കശ്മീർ ജമാഅത്തെ ഇസ്‌ലാമി. ജയിലിലിരിക്കെ ബാരാമുല്ലയിൽനിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയ എൻജിനീയർ റാഷിദിന്റെ പാർട്ടിയാണ് എഐപി. ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളും അവാമി ഇത്തിഹാദും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക.

എഐപി അധ്യക്ഷൻ എൻജിനീയർ റാഷിദ് തന്നെയാണു സഖ്യം പ്രഖ്യാപിച്ചത്. അവാമി ഇത്തിഹാദ് മുഖ്യ വക്താവ് ഇനാമുന്നബി, കശ്മീർ ജമാഅത്ത് നേതാവ് ഗുലാം ഖാദിർ വാനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിലാണു തെരഞ്ഞെടുപ്പ് സഖ്യത്തിനു ധാരണയായത്. കശ്മീരികളുടെ ശബ്ദം ഉയർത്തുകയാണു സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റാഷിദ് പറഞ്ഞു. ചില സീറ്റുകളിൽ പരസ്പരം മത്സരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

യുഎപിഎ വകുപ്പ് ചുമത്തി മാസങ്ങളായി ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയായിരുന്നു എൻജിനീയർ റാഷിദ്. ഇത്തവണ ജയിലിലിരിക്കെയാണ് അദ്ദേഹം ബാരാമുല്ല ലോക്‌സഭാ മണ്ഡലത്തിൽനിന്നു മത്സരിച്ചത്. രണ്ടു ലക്ഷത്തിലേറെ വോട്ടിനാണ് അദ്ദേഹം നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ലയെ തറപറ്റിച്ചത്. നേരത്തെ രണ്ടുതവണ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിൽനിന്നുള്ള ലാൻഗേറ്റ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായിരുന്നു.

അതേസമയം, കശ്മീർ ജമാഅത്തെ ഇസ്‌ലാമിയെ 2019ൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഈ വർഷം നിരോധനം അഞ്ചു വർഷത്തേക്കു കൂടി നീട്ടി. ഇതിനിടെയാണ് വർഷങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ ജമാഅത്ത് നേതാക്കൾ തീരുമാനിച്ചത്.

Summary: Kashmir Jamaat-e-Islami joins hands with Awami Ittihad Party (AIP) of Engineer Rashid in Jammu and Kashmir assembly elections

Similar Posts