ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; സി.പി.എം പ്രവര്‍ത്തകന്‍റെ കൈപ്പത്തികള്‍ അറ്റുതൂങ്ങി
|സംഭവത്തില്‍ സ്ഫോടക വസ്തു നിയന്ത്രണ നിയമ പ്രകാരം കതിരൂര്‍ പൊലീസ് കേസെടുത്തു
കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ കൈപ്പത്തികള്‍ അറ്റുതൂങ്ങി. ബുധനാഴ്ച രാത്രി കതിരൂര്‍ നാലാം മൈലിലാണ് സംഭവം. നാലാം മൈല്‍ സ്വദേശി നിജേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇരുകൈപ്പത്തികളും തകര്‍ന്ന നിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാല്‍, നിജേഷിന്‍റെ അറ്റുപോയ കൈപ്പത്തികള്‍ തുന്നിച്ചേര്‍ക്കാനായില്ലെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനായ വിനുവിനെ കതിരൂര്‍ സി.ഐ ബി.കെ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ വീടിനു പരിസരത്തുള്ള കുറ്റിക്കാട്ടില്‍ നിജേഷും കൂട്ടുകാരും ചേര്‍ന്ന് ബോംബു നിര്‍മ്മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിജേഷിന്‍റെ ചിതറിയ കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ സ്ഫോടക വസ്തു നിയന്ത്രണ നിയമ പ്രകാരമാണ് കതിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഫോടന സമയത്ത് നിജേഷിന്‍റെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.