കാട്ടാക്കട ക്രിസ്ത്യൻ കോളേജ് വിവാദം; മുൻ പ്രിൻസിപ്പൽ ഷൈജുവിന്റേയും വിശാഖിന്റേയും ജാമ്യാപേക്ഷ തള്ളി
|കാട്ടക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
തിരുവനന്തപുരം: കാട്ടക്കട കൃസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിൽ മുൻ പ്രിൻസിപ്പൽ ഷൈജുവിന്റെയും ആൾമാറാട്ടം നടത്തിയ വിശാഖിന്റെയും ജാമ്യാപേക്ഷ തള്ളി. കാട്ടക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇരുപ്രതികളേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തെളിവെടുപ്പ് അടക്കം നടത്തേണ്ടതുണ്ട്. ഉടൻ തന്നെ ഇവർക്കായുള്ള കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അത്തരമൊരു അപേക്ഷ നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ആൾമാറാട്ടക്കേസ് ഒന്നാം പ്രതി വിശാഖ് കീഴടങ്ങിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് വിശാഖ് ഹാജരായത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്.
വിജയിച്ച സ്ഥാനാർഥി ആരോഗ്യകാരണങ്ങളാൽ സ്വമേധയാ പിന്മാറിയതാണെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വൈശാഖിന്റെ വാദം. താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വിജയിച്ച സ്ഥാനാർഥി ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തതെന്നും ഹരജിയിൽ പറയുന്നു.