Kerala
kattakkada christian college
Kerala

കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം: പ്രിൻസിപ്പലിന് മുൻകൂർ ജാമ്യമില്ല

Web Desk
|
15 Jun 2023 8:02 AM GMT

ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്

കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പലിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകുർ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ദിവസം കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. വിശാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കഴിഞ്ഞ തവണ കോടതി അംഗീകരിച്ചിരുന്നില്ല. ഹരജിയിൽ സർക്കാരിൻ്റെ നിലപാട് ഇന്ന് കോടതി പരിശോധിക്കും. ആൾമാറാട്ടം നടത്തിയതിന് പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നാണ് ഹരജിക്കാരന്റെ വാദം. കേസിലെ രണ്ടാം പ്രതിയായ വിശാഖ് ഇപ്പോൾ ഒളിവിലാണ്. ജസ്റ്റിസ് ബെച്ചു കുര്യൻ്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇതിനിടെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചപ്പോൾ ഉണ്ടായ നഷ്ടത്തിനാണ് പിഴ ഈടാക്കുന്നത്. പണം ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് കത്ത് നൽകും. ധനനഷ്ടം കണക്ക് കൂട്ടി മുൻ പ്രിൻസിപ്പൽ ഷൈജുവിനും കോളജിനുമായിരിക്കും കത്ത് നൽകുക.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസായിരുന്നു.യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിൻസിപ്പൽ നൽകിയിരുന്നത്. ഇതിൽ പ്രിൻസിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യു.യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാർത്ഥിനിയുടെ പേരുമാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേർത്ത് സർവകലാശാലയ്ക്ക് നൽകിയത് ജി.ജെ ഷൈജുവായിരുന്നു.

Similar Posts