കാട്ടാക്കട തെരഞ്ഞെടുപ്പ് ആൾമാറാട്ടം: സർവകലാശാല പൊലീസിൽ പരാതി നൽകിയേക്കും
|എസ്എഫ്ഐ നേതാവ് വിശാഖും പ്രിൻസിപ്പൽ ഷൈജുവും കുറ്റക്കാരാണെന്നാണ് കേരള സർവകലാശാലയുടെ വിലയിരുത്തൽ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ പോലീസിൽ പരാതി നൽകുന്ന കാര്യം കേരള സർവകലാശാലയുടെ പരിഗണനയിൽ. എസ്എഫ്ഐ നേതാവ് വിശാഖും പ്രിൻസിപ്പൽ ഷൈജുവും കുറ്റക്കാരാണെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. പരാതി നൽകുന്നതിൽ നാളെ നടക്കുന്ന സിൻഡിക്കേറ്റ് യോഗം തീരുമാനമെടുക്കും.
കാട്ടാക്കട ക്രിസ്ത്യന്‍ കൊളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയുടെ പേര് മാറ്റി എസ് എഫ് ഐ നേതാവായ വിശാഖിന്‍റെ പേര് ഉള്‍പ്പെടുത്തിയത് കേരളസര്‍വ്വകാലാശാലയ്ക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ വിഷയത്തില്‍ കെഎസ് യു ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് എടുത്തിരുന്നില്ല. പ്രിന്‍സിപ്പലിന് ഗുരുതരമായ തെറ്റ് ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് സര്‍വ്വകാലാശാല വിലയിരുത്തല്‍. എസ്എഫ് ഐ നേതാവ് എ വിശാഖും പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് സര്‍വ്വകലാശാല കണക്ക് കൂട്ടുന്നത്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ സര്‍വ്വകലാശാല ആലോചിക്കുന്നത്.
ആൾമാറാട്ടം, ഗൂഢാലോചന, സർവകലാശാലയെ തെറ്റിദ്ധരിപ്പിക്കൽ എന്നീ പരാതികള്‍ രേഖാമൂലം നല്‍കാനാണ് ആലോചന..നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രിന്‍സിപ്പലിനെതിരായ നടപടിയും തീരുമാനിച്ചേക്കും..ആള്‍മാറാട്ടത്തില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു.
അതിനിടെ, സര്‍വ്വകലാശാലയിലെ എസ് എഫ് ഐ അട്ടിമറിയിലും ,പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിതിലും പ്രതിഷേധിച്ച് ആലപ്പുഴയിലെ കേരള സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്‍ററിലേക്ക് കെഎസ് യു പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തി..പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി