Kerala
kattappana murder
Kerala

കട്ടപ്പന ഇരട്ടകൊലപാതകം; കക്കാട്ടുകടയിലെ വീട്ടില്‍ പ്രതികളുമായെത്തി തെളിവെടുപ്പ്

Web Desk
|
20 March 2024 7:17 AM GMT

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജംഗ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചേക്കും

തിരുവനന്തപുരം: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. മുഖ്യ പ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരുമായാണ് തെളിവെടുപ്പ്. വിഷ്ണുവിന്റെ പിതാവ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജംഗ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചേക്കും.

മുഖ്യ പ്രതിയായ നിതീഷ് അടിക്കടി മൊഴി മാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംപ്രതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. തുടര്‍ന്നാണ് കട്ടപ്പനയില്‍ കൊലപാതകം നടന്ന വീട്ടില്‍ ഇരുവരെയും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നിതീഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ മുറിയില്‍ നിന്നും വിജയന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

പക്ഷെ വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന കട്ടപ്പനയിലെ സാഗര ജംഗ്ഷനിലെ വീട്ടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്ന് അവശിഷ്ടം കണ്ടെത്താനായിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തി തൊഴുത്തില്‍ കുഴിച്ചുമൂടി എന്നാണ് നിതീഷ് ആദ്യം മൊഴി നല്‍കിയതെങ്കിലും പിന്നീട് മൊഴിമാറ്റി. മൃതദേഹാവശിഷ്ടം മാറ്റി കത്തിച്ച് ചാരമാക്കി പുഴയിലൊഴുക്കിയെന്ന് മൊഴി നല്‍കി. ഇത് കൂട്ടുപ്രതികള്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

2023ലാണ് കക്കാട്ടുകടയിലെ വീട്ടില്‍ വിജയനെ മുഖ്യപ്രതി നിതീഷ് കൊലപ്പെടുത്തിയത്. വിജയന്റെ ഭാര്യ സുമയുടേയും മകന്‍ വിഷ്ണുവിന്റെയും ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെ മുറിയില്‍ തറ പൊളിച്ച് നടത്തിയ പരിശോധനയിലാണ് വിജയന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടവും വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തത്. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Similar Posts