കത്‌വ ഫണ്ട് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനും കോടതിയുടെ വാറണ്ട്
|കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി
കോഴിക്കോട്: കത്‍വ ഫണ്ട് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് വാറണ്ട്. കേസില്‍ ഹാജരാകാത്തതിനെ തുടർന്ന് കുന്ദമംഗലം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. യൂത്ത് ലീഗ് നേതാവ് പി കെ സുബൈറിനും വാറണ്ട്. കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി.
കത്‍വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ എന്നപേരില്‍ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്. എന്നാല്‍, രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കുന്ദമംഗലം കോടതിയിലാണ് കേസ് അന്വേഷിച്ച പൊലീസ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അന്വേഷിച്ച കുന്ദമംഗലം സി ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി യൂസഫ് പടനിലം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. പരാതിക്കാരൻ യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.