നിയമസഭയെ ദുര്യോധനൻമാരും ദുശ്ശാസനൻമാരുമുളള കൗരവസഭയാക്കി മാറ്റരുത്: വി.ഡി സതീശൻ
|സഭ നടപടികൾ തടസ്സപ്പെടുത്തുന്നതിന് പകരം പ്ലക്കാർഡുകളിലൂടെ മാത്രമാണ് യുഡിഎഫ് എം.എൽ.എമാർ പ്രതിഷേധം പ്രകടിപ്പിച്ചത്
തിരുവന്തപുരം: കെ.കെ രമയ്‌ക്കെതിരായ അധിക്ഷേപം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീത്വത്തെ അപമാനിക്കാൻ ഇത് കൗരവ സഭയല്ല. നിയമ സഭയെ ദുര്യോധനൻമാരും ദുശ്ശാസനൻമാരുമുളള കൗരവ സഭയാക്കി മാറ്റരുതെന്ന് സതീശൻ സഭയിൽ പറഞ്ഞു.
കെ കെ രമയെ അധിക്ഷേപിച്ച എം എം മണിക്കെതിതിരായ പ്രതിഷേധത്തിൽ സഭ നടപടികൾ തടസ്സപ്പെടുത്തുന്നതിന് പകരം പ്ലക്കാർഡുകളിലൂടെ മാത്രമാണ് യുഡിഎഫ് എം.എൽ.എമാർ ഇന്ന് പ്രതിഷേധം പ്രകടിപ്പിച്ചത്. സഭ പ്രക്ഷുബ്ധമായാൽ അനിശ്ചിത കാലത്തേക്ക് പിരിയാൻ ഭരണപക്ഷം നീക്കം നടത്തുമെന്ന സൂചനകൾ കണക്കിലെടുത്താണ് പ്രതിപക്ഷം പുതിയ തന്ത്രം സ്വീകരിച്ചത്.-
സ്വർണ കടത്ത് കേസ് അടക്കമുള്ള വിമർശനങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുന്നത് തടയാനാണ് ഇതിലൂടെ ഭരണപക്ഷം ലക്ഷ്യം വെച്ചത്. അപകടം തിരിച്ചറിഞ്ഞ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം സഭ തടസ്സപ്പെടുത്താതെയുള്ള പ്രതിഷേധം മതിയെന്ന് തീരുമാനിച്ചു. മുദ്രാവാക്യം വിളിയടക്കം ഒഴിവാക്കിയ പ്രതിപക്ഷ അംഗങ്ങൾ ടി.പി യെ കൊലപ്പെടുത്തിയത് പാർട്ടി കോടതിയെന്ന് എഴുതിയ പ്ലക്കാർഡുകൾ സീറ്റിന് മുന്നിൽ വെച്ചു. പ്ലക്കാർഡുകൾ മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം കേട്ടതായി ഭാവിച്ചില്ല. ഇതോടെ സഭാ നടപടികളോട് സഹകരിച്ച് ഭരണപക്ഷ നീക്കത്തെ പൊളിക്കാനും പ്രതിപക്ഷത്തിനായി.
കെ.കെ രമയ്‌ക്കെതിരെ എം.എ മണി നടത്തിയ പരാമർശം വ്യാഴാഴ്ച വൈകിട്ട് മുതൽ സഭാ തലത്തെ ബഹളമയമാക്കിയിരുന്നു. അന്ന് ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി കേൾക്കാതെ പ്രതിഷേധവുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി. പിറ്റേന്ന് ചോദ്യോത്തരവേള മുതൽ സഭയ്ക്കുള്ളിൽ പ്രതിപക്ഷ ബഹളമായിരുന്നു. ഇതോടെ മിനിട്ടുകൾക്കുള്ളിൽ സഭ പിരിഞ്ഞു. ഇന്നും കടുത്ത പ്രതിഷേധം ഉയർത്താനാണ് ആദ്യം പ്രതിപക്ഷം ആലോചിച്ചത്. എന്നാൽ ഇതിനിടെ പ്രതിപക്ഷ ബഹളം ഉണ്ടായാൽ സഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ ഭരണപക്ഷവും പദ്ധതി തയ്യാറാക്കിയതായുള്ള സൂചനകൾ പുറത്ത് വരികയായിരുന്നു.