ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും
|ലക്ഷദ്വീപ് എസ്പി ഓഫീസിൽ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് എസ്പി ഓഫീസിൽ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മുൻകൂർജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിര്‍ദേശം നല്‍കിയത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്.
രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐഷ സുല്‍ത്താന ചോദ്യംചെയ്യലിന് ഹാജരാകും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നാടിന് നീതി ലഭിക്കുംവരെ പൊരുതുമെന്നും ഐഷ വ്യക്തമാക്കി. ബയോവെപ്പണ്‍ എന്നത് കൊണ്ട് താന്‍ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ തെറ്റായ നടപടികളെയാണെന്ന് ഐഷ വിശദീകരിക്കുകയുണ്ടായി.