നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
|ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്നറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്ത് നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണ് കാവ്യയുടെ ആവശ്യം. നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.
ചോദ്യംചെയ്യലിന് അനുയോജ്യമായ സ്ഥലം അറിയിക്കണമെന്ന് അന്വേഷണസംഘം കാവ്യാ മാധവനോട് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജും സുഹൃത്ത് ശരത്തും തമ്മിൽ നടത്തിയ സംഭാഷണത്തിലാണ് കാവ്യയെ സംബന്ധിച്ച് പരാമർശമുണ്ടായിരുന്നത്. സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തിൽ കാവ്യയെ കുടുക്കാൻ വേണ്ടി കൂട്ടുകാരികൾ കൊടുത്ത പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന രീതിയിൽ സംസാരമുണ്ട്. ഈ ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
ക്രിമിനൽ നടപടി ചട്ടത്തിന്റെ 160 വകുപ്പ് പ്രകാരമാണ് നോട്ടീസ്. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. അതിനാൽ എവിടെവെച്ച് ചോദ്യം ചെയ്യണമെന്നത് കാവ്യക്ക് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട്. നടിയെ ആക്രമിച്ച കേസിൽ താനല്ല ശിക്ഷ അനുഭവിക്കേണ്ടതെന്ന ദിലീപിൻറെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ദിലീപ് സുഹൃത്ത് ബൈജുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പല തവണ കണ്ടതായി ദിലീപ് അഭിഭാഷകനോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. കേസിലെ സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കാൻ സുരാജ് നടത്തിയ സംഭാഷണവും പുറത്തായി. ആലുവയിലെ അൻവർ മെമ്മോറിയിൽ ആശുപത്രിയിലെ ഡോക്ടർ ഹൈദരലിയോടാണ് സുരാജ് മൊഴിമാറ്റാൻ ആവശ്യപ്പെട്ടത്.