Kerala
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും കാവ്യ മാധവനെ ചോദ്യംചെയ്യും
Kerala

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും കാവ്യ മാധവനെ ചോദ്യംചെയ്യും

Web Desk
|
30 March 2022 12:04 PM GMT

ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും ചോദ്യംചെയ്ത ശേഷമാകും കാവ്യയുടെ ചോദ്യംചെയ്യൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചന കേസിലും കാവ്യ മാധവനെ ഉടൻ ചോദ്യംചെയ്യും. വധഗൂഢാലോചനയിൽ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കും. കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും ചോദ്യംചെയ്ത ശേഷമാകും കാവ്യയുടെ ചോദ്യംചെയ്യൽ.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ആറാമത്തെ പ്രതിയായി കണ്ടാലറിയാവുന്ന ആള്‍ എന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടക്കുമ്പോള്‍ പങ്കെടുത്ത ശരത്തിനെ വിഐപി എന്നാണ് സാക്ഷിയായ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ വിഐപി ശരത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിന് ശേഷം എഫ്ഐആറില്‍ ശരത്തിന്‍റെ പേര് കൂടി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ശരത്തിന്‍റെ പേര് ചേര്‍ത്ത് പുതുക്കിയ എഫ്ഐആര്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇന്ന് വൈകിട്ട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ശരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ഉടന്‍ ചോദ്യംചെയ്യും. ബാലചന്ദ്രകുമാര്‍ നല്‍കിയ തെളിവുകളില്‍ ഇവരുടെ സാന്നിധ്യമുള്ളതിനാലാണ് ഇവരെയും ചോദ്യംചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം ചോദ്യംചെയ്യാനാണ് നീക്കം. ഇതിനു ശേഷമാകും കാവ്യ മാധവനെ ചോദ്യംചെയ്യുക. വധ ഗൂഢാലോചന കേസിലും കാവ്യയെ ചോദ്യംചെയ്യും.

Summary- Kavya Madhavan will be questioned in actress abduction case

Similar Posts