കാവ്യാ മാധവന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി
|നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്
കൊച്ചി: കാവ്യാ മാധവന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി. നാലര മണിക്കൂർ നീണ്ട ചോദ്യംചെയ്യലാണ് പൂർത്തിയായത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഇന്നാണ് കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു ആവശ്യം. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നൽകിയിരുന്നു. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.
ഇതിനിടെ ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതോടെ നടിയെ ആക്രമിച്ച കേസിൻറെ പുനരന്വേഷണവും, വധഗൂഢാലോചന കേസിൻറെ അന്വേഷണവും മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിൻറെ അവലോകനം നടന്നത്. അന്വേഷണപുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ച് മേധാവി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.