ഉദ്യോഗജനകമായ 37 മണിക്കൂറുകള്‍...ഒടുവില്‍ ആ സന്തോഷവാര്ത്തയെത്തിയ നിമിഷം
|കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെ കാണാതായത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്
തിരുവനന്തപുരം: നീണ്ട 37 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ കേരളം ചിരിച്ചു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയെന്ന വാർത്ത സന്തോഷത്തിനൊപ്പം ഓരോ മലയാളിക്കും ആശ്വാസമായി. സംഭവത്തിന്റെ നാള്‍വഴികള്‍...
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശിയുടെ മകളെ കാണാതായത് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്. കയ്യിൽ കുറച്ച് വസ്ത്രങ്ങളും 50 രൂപയുമായാണ് പോയത്. ജോലിക്ക് പോയ മാതാപിതാക്കൾ ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണുന്നില്ലെന്ന് മനസിലായത്. കുട്ടിയെ കാണാതായ വിവരം വൈകിട്ട് നാലുമണിയോടെ മാതാപിതാക്കൾ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. തൊട്ടുപിന്നാലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വാർത്തയായതോടെ കേരളത്തിൽ ഒന്നടങ്കം പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.
കുട്ടി കന്യാകുമാരിയിലേക്കാണ് പോയതെന്ന വിവരം പൊലീസിന് ലഭിച്ചു. ചൊവാഴ്ച തമ്പാനൂരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കുട്ടിയെ കണ്ടതായി അതേ ട്രെയിനിലെ യാത്രക്കാരി പൊലീസിന് മൊഴി നൽകി. ട്രെയിനിലിരുന്ന് കരയുന്നതുകണ്ട് ഇവർ കുട്ടിയുടെ ചിത്രം പകർത്തിയിരുന്നു. സ്ത്രീ നൽകിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിൽ പൊലീസ് കന്യാകുമാരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഐലൻഡ് എക്സ്പ്രസിൽ കയറിയ കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെങ്കിലും അതേ ട്രെയിനിൽ തിരിച്ചുകയറി ചെന്നൈ എഗ്മോറിലേക്ക് പോയതായി സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എഗ്മോറിൽ നിന്ന് ഇന്നലെ രാവിലെ 8.11-ന് സാന്ദ്രഗച്ചിയിലേക്കുള്ള ട്രെയിനിൽക്കയറി. രാത്രി 10.12- ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ എത്രയും വേഗം മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള നടപടികളിലാണ് പൊലീസ്.