വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട റമ്മി പരസ്യങ്ങളില്‍ നിന്ന് പിന്മാറണം: കെ.ബി ഗണേഷ് കുമാര്‍
|സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: വിജയ് യേശുദാസും റിമി ടോമിയും നാണം കെട്ട ഓൺലൈൻ റമ്മി പരസ്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. നിയമസഭയിലാണ് കെ.ബി ഗണേഷ് കുമാർ ഇക്കാര്യം ഉന്നയിച്ചത്. ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"ഇത്തരം സാമൂഹ്യദ്രോഹ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി നല്ലൊരു സ്പോര്‍ട്സ് താരമാണ്. എല്ലാവര്‍ക്കും ബഹുമാനമുണ്ട് അദ്ദേഹത്തെ. അദ്ദേഹം അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല.
നമ്മുടെ പ്രിയങ്കരനായ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ മകന്‍ വിജയ് യേശുദാസിനേയും ഗായിക റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണുന്നുണ്ട്.. ഇതില്‍ നിന്ന് ഈ മാന്യന്മാര്‍ പിന്മാറാന്‍ സാംസ്കാരിക മന്ത്രിയും സര്‍ക്കാരും ഇടപെടണം"- ഗണേഷ് കുമാര്‍ പറഞ്ഞു.