'മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല, സംഘടന നശിച്ച് കാണാന്‍ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം': ഗണേഷ് കുമാർ
|താൻ ഉൾപ്പെടെയുള്ളവർ കയ്യിൽ നിന്ന് പണം എടുത്താണ് അമ്മയെന്ന സംഘടനയെ പടുത്തുയർത്തിയതെന്ന് ഗണേഷ് കുമാര്‍
കോഴിക്കോട്: താരസംഘടനയായ അമ്മ നശിച്ച ദിവസമാണ് ഇന്ന് എന്ന് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. അമ്മ നശിച്ച് കാണാന്‍ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും അവർക്ക് സന്തോഷം നൽകുന്ന കാര്യമാണിന്നുണ്ടായതെന്നും ഗണേഷ് കുമാർ ഒരു പരിപാടിക്കിടെ പറഞ്ഞു.
താൻ ഉൾപ്പെടെയുള്ളവർ കയ്യിൽ നിന്ന് പണം എടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 150 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുവെന്ന് മോഹൻലാൽ വിളിച്ചു പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല. പുതിയ തലമുറ വരട്ടെ എന്ന് പറയുമ്പോൾ ആരാണ് വരികയെന്നും എന്താണ് സംഭവിക്കുകയെന്നും കാണാം. ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണിതെന്നും ഗണേഷ് കുമാർ പറഞ്ഞു.