ഗൺമാൻമാർക്കെതിരെ തുടരന്വേഷണം: കോടതിവിധി സർക്കാരിന് മുഖമടച്ച് കിട്ടിയ പ്രഹരം: കെ.സി വേണുഗോപാൽ എംപി
|പൊലീസ് ഇനിയും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന് മുഖമടച്ച് കിട്ടിയ പ്രഹരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ട് പോലും അവർക്ക് ക്ലീൻ ചിറ്റ് നൽകാനാണ് ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. എൽഡിഎഫ് സർക്കാർ പൊലീസിനെ എങ്ങനെ രാഷ്ട്രീയവത്കരിച്ചു എന്നതിന് തെളിവാണ് ഈ കേസ്. നിയമവാഴ്ചയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നതാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിവിധി. കുറ്റക്കാരായ ഗൺമാൻമാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അതിനാൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുമുണ്ടാവും. അതുകൊണ്ട് കോടതിയുടെ കർശനമായ നിരീക്ഷണത്തിലും മേൽനോട്ടത്തിലും തുടരന്വേഷണം നടത്തുന്നതാകും കൂടുതൽ ഉചിതമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവലിനും ഉൾപ്പെടെയുള്ളവർക്കും അതിക്രൂരമായ മർദനമാണേറ്റത്. കേരളം മുഴുവൻ ഭീതിയോടെ കണ്ട് ഞെട്ടിപ്പോയ ദൃശ്യങ്ങളായിരുന്നവ. കൊടിയ മർദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിരുന്നിട്ടും അത് സ്വീകരിക്കാതെ പ്രതികളായ ഗൺമാൻമാരെ വിശുദ്ധരാക്കിയ ക്രൈംബ്രാഞ്ചിന്റെ നടപടി കേരളാ പൊലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
പ്രതികൾ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായതിനാൽ തുടക്കം മുതൽ പൊലീസ് ഇരകൾക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ലോക്കൽ പൊലീസും ജില്ലാ പൊലീസ് മേധാവിയും ആദ്യം യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. കോടതിയുടെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇരുളടഞ്ഞ് പോകുമായിരുന്ന കേസിൽ തുടരന്വേഷണം സാധ്യമായതെന്നും വേണുഗോപാൽ പറഞ്ഞു.