കെ.പി.സി.സി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്ന് കെ.സി വേണുഗോപാൽ
|ഒരു ദിവസം കൊണ്ട് പൊട്ടിവീണ നേതാവല്ല താൻ, താനുമായി ബന്ധമുള്ളയാളുകളും പാർട്ടിയിൽ ഉണ്ടാകും. അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ല-വേണുഗോപാൽ പറഞ്ഞു.
കെ.പി.സി.സി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എല്ലാത്തിലും തന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. അതിനോടൊന്നും താൻ പ്രതികരിക്കാറില്ല. കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചയിൽ താൻ ഇടപെട്ടിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാൻഡ് അംഗീകരിക്കും. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല. പട്ടിക വരുന്നത് ഒന്നോ രണ്ടോ ദിവസം വൈകുന്നത് സ്വാഭാവികമാണ്. അതിൽ അനാവശ്യ ചർച്ചകളുടെ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കെ.സി വേണുഗോപാലിനെ ന്യായീകരിച്ച് രംഗത്തെത്തി. കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. പട്ടിക വൈകാൻ കാരണം വേണഗോപാലല്ലെന്നും അദ്ദേഹം പട്ടികയിൽ ഇടപെട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.