ടി.പി വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള സർക്കാർ നീക്കം ആത്മഹത്യാപരം: കെ.സി വേണുഗോപാൽ
|സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള സർക്കാർ നീക്കം ആത്മഹത്യാപരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.തീരുമാനം കേരളം ഒന്നടങ്കം എതിർക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം നിയമത്തിന് മുകളിലൂടെ പറക്കാനുള്ള ശ്രമമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജയിൽ മാനുവലിന് വിരുദ്ധമായ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. പ്രതികൾ ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ പുറത്തായിരുന്നു ഉണ്ടായിരുന്നതെന്ന് കോടതി പോലും പറഞ്ഞില്ലേ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.
'തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞതിങ്ങനെയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ട. ഇവർ ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ പുറത്തായിരുന്നു ഉണ്ടായിരുന്നതെന്ന് കോടതി പോലും പറഞ്ഞില്ലേ?ഇത്ര നിഷ്ഠൂരമായ ക്രൂരകൃത്യം ചെയ്തവർക്ക് എങ്ങനെയാണ് പരോൾ പോലും കൊടുക്കാൻ സാധിക്കുക. ഡിജിപിയാണ് പുതിയ തീരുമാനത്തിന് വേണ്ടി ഇടപെട്ടിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്.അതിന് അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് ഇതാണെങ്കിലും നന്മയുണ്ടെങ്കിൽ അതുകൂടി തിരുത്തും എന്നായിരിക്കും അവർ ഉദ്ദേശിച്ചതെന്നും' തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന് വധക്കേസ് കേസ് പ്രതികളായ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി. ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്. ഇതുപയോഗപ്പെടുത്തിക്കൊണ്ടാണ് ടി.പി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്ന് പേർക്ക് ശിക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ജയിൽ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉൾപ്പെട്ടിട്ടുള്ളത്.തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.