കോച്ച് മനുവിനെതിരായ പീഡനപരാതി; തെറ്റുപറ്റി, മാപ്പുപറഞ്ഞ് കെസിഎ
|2018ൽ പീഡന ആരോപണമുയർന്ന മനുവിനെ പരിശീലകനായി തുടരാൻ അനുവദിച്ചത് തെറ്റാണെന്ന് തുറന്നു സമ്മതിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് മാപ്പ് പറഞ്ഞ് കേരള ക്രിക്കറ്റ് അസോസിയേഷൻ. കഴിഞ്ഞ ഏപ്രിൽ 19നാണ് മനുവിന് എതിരായ പരാതി ലഭിച്ചതെന്ന് കെസിഎ പ്രസിഡൻറ് ജയേഷ് ജോർജ് പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന ഒരു നിലപാടും അസോസിയേഷന് ഇല്ലെന്ന് ഭാരവാഹികൾ അറിയിച്ചു. മീഡിയ വൺ ഇംപാക്ട്.
2018ൽ പീഡന ആരോപണമുയർന്ന മനുവിനെ പരിശീലകനായി തുടരാൻ അനുവദിച്ചത് തെറ്റാണെന്ന് തുറന്നു സമ്മതിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. കാര്യങ്ങൾ അന്വേഷിക്കാതെയും ചില കുട്ടികളുടെയും മാതാപിതാക്കളുടെയും നിർബന്ധത്തിന് വഴങ്ങി മനുവിനെ പരിശീലകനായി നിയമിക്കുകയാണ് ചെയ്തത്.
2012 കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായ എത്തിയ മനുവിനെതിരെ നേതൃത്വത്തിന് പരാതി ലഭിച്ചത് കഴിഞ്ഞ ഏപ്രിൽ 19നാണെന്ന് ഭാരവാഹികൾ പറഞ്ഞു. തൊട്ടു പിന്നാലെ വിശദീകരണം തേടിയെങ്കിലും ഇരുപത്തിയൊന്നാം തീയതി മനു രാജി നൽകി. മനുവിനെ സംരക്ഷിക്കുന്ന ഒരു നിലപാടും അസോസിയേഷൻ ഇല്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
മനുവിനെ മറ്റ് എവിടെയും ജോലിക്ക് എടുക്കരുതെന്ന് കെസിഎ എല്ലാം ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം നൽകി. പരാതികൾ ഉണ്ടായാൽ പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും വനിതകൾ അടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാനും കെസിഎ തീരുമാനിച്ചു. മനുവിനെതിരായ അന്വേഷണം കാര്യക്ഷമല്ലെന്ന് കാട്ടി പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി.