'പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയ വിഷയമല്ല'; മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ കെ.സി.ബി.സിക്ക് അതൃപ്തി
|ബി.ജെ.പി വിരുന്നിന് വിളിപ്പച്ചോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
കൊച്ചി: ബി.ജെ.പി വിരുന്നിന് വിളിപ്പച്ചോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി കെ.സി.ബി.സി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തത് രാഷ്ട്രീയ വിഷയമായി കാണേണ്ടെന്ന് കെ.സി.ബി.സി വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി മീഡിയവണിനോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നിലാണ് ക്രൈസ്തവ സഭാ പ്രതിനിധികൾ പങ്കെടുത്തത്. ക്രൈസ്തവരുടെ പ്രധാനപ്പെട്ട ഒരു ആഘോഷദിവസം പ്രധാനമന്ത്രി ഒരുക്കിയ കൂട്ടായ്മയിലാണ് പങ്കെടുത്തത്. അതിൽ രാഷ്ട്രീയമില്ല. മണിപ്പൂർ വിഷയത്തിൽ സഭയുടെ വേദന പ്രധാനമന്ത്രിയോട് തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ ക്രിസ്മസ് കൂട്ടായ്മയുമായി ചേർത്ത് വായിക്കേണ്ടതില്ലെന്നും ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
പുന്നപ്ര വടക്ക് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാന്റെ പരാമർശം. ക്രിസ്മസ് വിരുന്നിന് ബി.ജെ.പി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നു. മണിപ്പൂർ അവർക്കൊരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.