എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയത് 58,570 പേര്; വിശ്വനാഥ വിനോദിന്റെ വീട്ടില്‍ ഒന്നാം റാങ്കെത്തിയത് രണ്ടാം തവണ
|ഇടുക്കി സ്വദേശി വിശ്വനാഥ വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കരസ്ഥമാക്കി
സംസ്ഥാനത്ത് 58, 570 വിദ്യാർഥികൾ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എഞ്ചിനീയറിങിൽ ഇടുക്കി സ്വദേശി വിശ്വനാഥ വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കരസ്ഥമാക്കി. കൊല്ലത്ത് നിന്നുള്ള നവജ്യോത് ബി കൃഷ്ണനാണ് മൂന്നാം റാങ്ക് . 77,005 പേരാണ് ഇത്തവണ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതിയത്. പ്ലസ് ടു മാർക്കും എൻട്രൻസ് മാർക്കും ചേർത്താണ് റാങ്ക് നിർണയിച്ചതെന്നും മന്ത്രി പറഞ്ഞു.
വിശ്വനാഥ വിനോദിന്റെ വീട്ടിലേക്ക് ഒന്നാം റാങ്ക് എത്തുന്നത് രണ്ടാം തവണയാണ്. സഹോദരന് 2019ല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. വിജയം മാതാപിതാക്കൾക്കും അധ്യാപകർക്കും സമർപ്പിക്കുന്നതായി വിശ്വനാഥ് മീഡിയവണിനോട് പറഞ്ഞു. മൂത്ത മകന്റെ വഴിയെ രണ്ടാമത്തെ മകനും സഞ്ചരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് വിശ്വനാഥന്റെ അമ്മ പറഞ്ഞു. നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്ന് വിശ്വനാഥന്റെ അച്ഛന് പ്രതികരിച്ചു. ഫലം വന്നപ്പോള്‍ വിശ്വനാഥന് റെക്കോര്‍ഡ് മാര്‍ക്ക് സ്വന്തമാക്കിയതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടിയില്‍ പഠിക്കാനാണ് താത്പര്യമെന്ന് വിശ്വനാഥ വിനോദ് പ്രതികരിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് രണ്ടാം റാങ്ക് നേടിയ തോമസ് ബിജു പറഞ്ഞു. കീമിന് തയ്യാറാവുന്ന കുട്ടികളോട് പറയാനുള്ളത് നല്ല വേഗതയില്‍ ചെയ്യണമെന്നാണ്. ജെ.ഇ.ഇ പരീക്ഷയിലെ ഒന്നാം റാങ്കിന് പിന്നാലെയാണ് തോമസ് ബിജുവിനെ തേടി കീമില്‍ രണ്ടാം റാങ്കെത്തിയത്.