Kerala
ജോർജിന് ജാമ്യം ലഭിച്ചതിൽ കെമാൽ പാഷയുടെ ഇടപെടൽ; അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി
Kerala

ജോർജിന് ജാമ്യം ലഭിച്ചതിൽ കെമാൽ പാഷയുടെ ഇടപെടൽ; അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി

Web Desk
|
5 July 2022 1:04 PM GMT

ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റുമായി കമാൽ പാഷയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും പരാതിക്കാരി

കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ പി സി ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി. ജോർജിന് ജാമ്യം ലഭിക്കാൻ കമാൽ പാഷ ഇടപെട്ടുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റുമായി കമാൽ പാഷയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും സ്‌പെഷൽ സിറ്റിംഗിന് നേരിട്ടും ഫോണിലൂടെയും കെമാൽ പാഷ ഇടപെടൽ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. ഗൂഢാലോചനയ്ക്ക് ഐപിസി 120 (ബി) പ്രകാരം കെമാൽ പാഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരി ഡിജിപി അനിൽ കാന്തിനോട് ആവശ്യപ്പെട്ടു. കമാൽ പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും പരാതിക്കാരി മുന്നോട്ട് വെച്ചു.

പീഡന പരാതിയിൽ പിസി ജോർജിനെ ജാമ്യത്തിൽ വിട്ടതിനെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരി അറിയിച്ചിരുന്നത്. സ്ത്രീയെന്ന പരിഗണന നൽകാതെയാണ് ജാമ്യം. പി സി ജോർജിനെതിരായ പരാതിയിൽ രാഷ്ട്രീയമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. പി.സി ജോർജിനെതിരെ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കേസിൽ പുതിയ രഹസ്യമൊഴി നൽകും. പ്രതിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിക്കാരി പറഞ്ഞു.

പി.സി.ജോർജ് എട്ടു വർഷമായി അടുത്തിടപഴകുന്നു. തന്റെ ശരീരത്തിൽ തൊട്ടില്ലെന്നു മനഃസാക്ഷിയെത്തൊട്ട് പറയാനാവുമോ എന്ന് പരാതിക്കാരി ചോദിച്ചു. അതിക്രമത്തിനുശേഷം ചികിത്സയിലായിരുന്നു. തന്റെ പരാതിയിൽ കോടതിക്ക് പരിശോധിക്കാനുള്ള സമയം ലഭിച്ചില്ലെന്ന് വിശ്വസിക്കുന്നു. 10-02-2022 ലാണ് സംഭവം നടന്നത്. അതിന് ശേഷം താൻ ഇടതു കണ്ണിന്റെ ചികിത്സയിലായിരുന്നെന്നും അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി.സി രക്ഷകന്റെ ഭാഗത്ത് നിന്നിരുന്ന ആളാണ്. ഫെബ്രുവരി പത്താം തീയതിയിലെ സംഭവത്തോടെയാണ് അത് ഇല്ലാതായത്. ഈ കേസിൽ തനിക്ക് രാഷ്ട്രീയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Similar Posts