ഗവർണര്‍മാർക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു
|ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ കേരളവും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ സ്റ്റാലിന് കത്തെഴുതി
തിരുവനന്തപുരം: ഗവർണര്‍മാർക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ കേരളവും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ സ്റ്റാലിന് കത്തെഴുതി. കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്. കേരളത്തിലെ സമാനമായ അവസ്ഥ തമിഴ്‌നാട്ടിലും നിലനിൽക്കുന്നുണ്ട്.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് നിയമസഭ തമിഴ്‌നാട്ടിൽ ഒരു പ്രമേയം തന്നെ പാസാക്കിയിട്ടുണ്ട്. അതിന് ശേഷമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തയച്ചുകൊണ്ട് ഗവർണർമാരുടെ ഇത്തരത്തിലുള്ള നടപടികൾക്കെതിരായ പോരട്ടത്തിൽ പിന്തുണ വേണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചത്.
ഈ കത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്യാൻ കേരളം തയ്യാറാണ് എന്നാണ് മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരിക്കുന്നത്. തമിഴ്‌നാട് സർക്കാരിന് എല്ലാ വിധ പിന്തുണയും കേരള സർക്കാർ നൽകുമെന്ന് കത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.