സ്‌കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദം; 'മാതാ പേരാമ്പ്രക്ക്' വിലക്ക്
|പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിൽ സ്വാഗത ഗാനത്തിന് ദൃശ്യാവിഷ്‌കാരം ഒരുക്കിയ സംഘ്പരിവാർ അനുകൂല സംഘടനയായ 'മാതാ പേരാമ്പ്ര'യ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്ക്. 'മാതാപേരാമ്പ്ര'യെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കില്ല. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചായിരുന്നു സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം.
സി.പി.എമ്മും ലീഗും ഉൾപ്പെടെ 'മാതാ പേരാമ്പ്ര'ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ദൃശ്യാവിഷ്‌ക്കാരം. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ വ്യാപകവിമർശനം ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെ നടന്ന ദൃശ്യാവിഷ്‌കാരത്തിനെതിരെ ലീഗും മറ്റു മുസ്‌ലിം സംഘടനകളും രംഗത്തുവന്നതിന് പിന്നാലെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടു.
സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയ സംഘ്പരിവാർ അനുകൂല സംഘടനയായ 'മാതാപേരാമ്പ്ര'യെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചത്. പരാതി വന്ന സാഹചര്യത്തിലാണ് തീരുമാനം. ഭാവിയിൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ലീഗ് എം.എൽ.എ യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വിശദീകരിച്ചു. വിമർശനം ഉയർന്നപ്പോൾ തന്നെ 'മാതാ പേരാമ്പ്ര'യെ സ്‌കൂൾ കലോത്സവത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിലക്കിയിരുന്നു.