Kerala
തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന്: നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികൾ
Kerala

തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന്: നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാർട്ടികൾ

Web Desk
|
29 April 2021 1:40 AM GMT

സര്‍ക്കാരിനെതിരായ വികാരം അടക്കം പലതും തങ്ങള്‍ക്കനുകൂലമായി വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കരുതുന്നു. അ‍ഞ്ച് മുതല്‍ പത്ത് സീറ്റ് വരെ കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ നെഞ്ചിടിപ്പോടെ മുന്നണികള്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നാണ് ഇടത് മുന്നണി നേതാക്കള്‍ പറയുന്നത്. സര്‍ക്കാരിനെതിരായ വികാരം അടക്കം പലതും തങ്ങള്‍ക്കനുകൂലമായി വോട്ടിങ്ങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കരുതുന്നു. അ‍ഞ്ച് മുതല്‍ പത്ത് സീറ്റ് വരെ കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി

പ്രധാനപ്പെട്ട രണ്ട് മുന്നണികളുടേയും പ്രതീക്ഷകള്‍ക്ക് വോട്ടെണ്ണുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുന്‍പും യാതൊരു കുറവുമില്ല. അവകാശവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും അവസാന മണിക്കൂറുകളിലെ അടിയൊഴുക്കുകള്‍ എങ്ങോട്ടായിരിക്കുമെന്ന് എല്ലാ മുന്നണികള്‍ക്കും ആശങ്കയുണ്ട്. തുടര്‍ ഭരണം ലഭിച്ചാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും എതിര്‍ സ്വരങ്ങളില്ലാത്ത നേതാവായി പിണറായി വിജയന്‍ വീണ്ടും മാറും.

എന്നാല്‍ ഭരണം കൈവിട്ടാല്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാകും. രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയത് വിമര്‍ശന വിധേയമാകും. സിപിഐയിലും കാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരും. ഭരണമാറ്റമുണ്ടായാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെടും. സര്‍ക്കാരിനെതിരെ താന്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളുടെ വിജയമായി ചെന്നിത്തലക്ക് വാദിക്കാനാകും. എന്നാല്‍ തോല്‍വിയാണ് ഫലമെങ്കില്‍ ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രന്‍റേയും നേതൃത്വം ചോദ്യം ചെയ്യപ്പെടും. അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതൃസ്ഥാനം ഐ ഗ്രൂപ്പില്‍ നിന്ന് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഏക സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് ചില സീറ്റുകളില്‍ കൂടി ജയിച്ചില്ലെങ്കില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതൃത്വത്തിന് മറുപടി പറയേണ്ടി വരും. അഞ്ച് മുതല്‍ പത്ത് സീറ്റില്‍ വരെ വിജയപ്രതീക്ഷയുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.

Similar Posts