നിയമസഭ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വിധി ഇന്ന്
|കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാരും ആറ് ഇടത് നേതാക്കളും നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക
നിയമസഭ കയ്യാങ്കളി കേസിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാരും ആറ് ഇടത് നേതാക്കളും നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുക. നേരത്തെ രണ്ട് തവണ ഹരജി പരിഗണിച്ചപ്പോഴും സംസ്ഥാന സർക്കാറിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
സംസ്ഥാന സർക്കാറുൾപ്പെടെ ഹരജി നൽകിയിട്ടും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുന്ന നടപടിയിലേക്ക് പോലും കോടതി കടന്നിരുന്നില്ല. രണ്ട് തവണയായി വിശദമായി ഹരജിക്കാരുടെ വാദം കേട്ട കോടതി രൂക്ഷ വിമർശമാണ് ഉന്നയിച്ചിരുന്നത്. എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണ്. എം.എൽ.എ സഭക്കകത്ത് നിറയൊഴിച്ചാൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ നിയമസഭയാണോ തീരുമാനമെടുക്കേണ്ടത്? പൊതുമുതൽ നിശിപ്പിക്കുന്നതിൽ എന്ത് പൊതുതാത്പര്യമാണുള്ളത്? കോടതിയിലും ശക്തമായ വാദങ്ങൾ ഉണ്ടാകാറുണ്ട്. അതിന്‍റെ പേരിൽ കോടതി വസ്തുവകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടത്. പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ വ്യക്തതയില്ല. കയ്യാങ്കളിയുടെ ഡിവിഡി കയ്യിലിരിക്കെയാണ് മൊഴിയിൽ വ്യക്തതയില്ലെന്ന് വാദം പ്രോസിക്യൂഷൻ ഉന്നയിക്കുന്നത് എന്നിങ്ങനെ നീണ്ടു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ വിമർശങ്ങൾ. എം.എൽ.എമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും കേസെടുത്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണെന്നതുമടക്കമുള്ള വാദങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചിരുന്നത്. പിൻവലിക്കൽ ആവശ്യത്തെ എതിർത്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ ഹരജിയും കോടതിയിലെത്തിയിരുന്നു.