സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല സഭ; മുഖ്യമന്ത്രി
|മണിച്ചൻ കേസിലെ സുപ്രീം കോടതി പരാമർശങ്ങൾ മാത്യു വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭയെന്ന് മുഖ്യമന്ത്രി. മാത്യു കുഴല്നാടന് എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിച്ചൻ കേസിലെ സുപ്രീം കോടതി പരാമർശങ്ങൾ മാത്യു വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
എന്തിനും അതിരുവേണം അതിര് ലംഘിക്കാൻ പാടില്ല.ഇങ്ങനെയാണോ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിക്കേണ്ടതെന്നും പിണറായി ചോദിച്ചു. മണിച്ചൻ രാഷ്ട്രീയ നേതാക്കളെ പർച്ചേസ് ചെയ്തുവെന്ന് കുഴല്നാടന് പറഞ്ഞു. സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകി. ഒരു വിഭാഗം സി.പി.എം നേതാക്കൾ പാർട്ടി പടി കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണ്. പാർട്ടി നേതാവിനെ സംരക്ഷിക്കാതെ മന്ത്രിക്ക് കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില പിടിച്ചെടുത്ത സംഭവത്തിലാണ് മാത്യു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ മണിച്ചന് തഴച്ചുവളര്‍ന്നത് യു.ഡി.എഫ് കാലത്താണെന്ന് എം.ബി രാജേഷ് പറഞ്ഞു. അറസ്റ്റ് ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. തുപ്പാം മലര്‍ന്നു കിടന്നു തുപ്പണോ? എന്തും വിളിച്ചു പറയുന്ന സ്ഥിതിയാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.