Kerala
Navakerala sadass,Kerala Bank,
Kerala

നാല് ലക്ഷം രൂപയുടെ വായ്പക്ക് 515 രൂപ ഇളവ്; നവകേരള സദസ്സിലെ പരാതി തീര്‍പ്പാക്കലില്‍ വിചിത്ര മറുപടിയുമായി കേരള ബാങ്ക്

Web Desk
|
26 Dec 2023 5:03 AM GMT

വായ്പ ഇളവ് വേണമെന്നാവശ്യപ്പെട്ട് കിളിയന്തറ സ്വദേശിയാണ് നവകേരള സദസിൽ പരാതി നൽകിയത്

കണ്ണൂർ: നവകേരള സദസിലെ പരാതിയിൽ നാല് ലക്ഷം രൂപയുടെ വായ്പക്ക് 500 രൂപ ഇളവ് നൽകിയതിൽ വിചിത്രമറുപടിയുമായി കേരള ബാങ്ക്.പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്ന് ഇരിട്ടി കേരള ബാങ്ക് ശാഖ മാനേജർ മീഡിയവണിനോട് പറഞ്ഞു. പരാതിയിൽ തീർപ്പ് കല്പിച്ചത് കേരള ബാങ്ക് റീജണൽ ഓഫീസാണെന്നും അപേക്ഷകന് മാനദണ്ഡപ്രകാരം ലഭ്യമാകുന്ന ഇളവാണ് ലഭിച്ചതെന്നും വിനോദ് പറഞ്ഞു. വായ്പ ഇളവ് വേണമെന്നാവശ്യപ്പെട്ട് കിളിയന്തറ സ്വദേശിയാണ് നവകേരള സദസിൽ പരാതി നൽകിയത്.

നവകേരള സദസ്സിനുമുൻപാകെ സമർപ്പിച്ച പരാതി തീർപ്പാക്കലാണെന്ന പേരിലാണ് ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽനിന്നാണ് ഇദ്ദേഹം 3,97,731 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു നവകേരള സദസ്സിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വായ്പയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. ആകെ അടയ്‌ക്കേണ്ട തുകയിൽ 515 രൂപ ഇളവ് അനുവദിച്ചിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. ബാക്കി 9,97,216 രൂപ ബന്ധപ്പെട്ട ശാഖയിൽ ഈ മാസം 31നുമുൻപ് അടച്ചു വായ്പാ കണക്ക് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നവകേരള സദസ്സിൽ നൽകിയ പരാതിയിൽ കൈക്കൊണ്ട നടപടിയെ പരിഹസിച്ച് പ്രതിപക്ഷ യുവനേതാക്കൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 515 രൂപയുടെ ഇളവ് ലഭിച്ചില്ലേ, ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പരിഹസിച്ചു. ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ.. മച്ചാനെ അത് പോരളിയാ എന്നായിരുന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരിഹാസം.


Similar Posts