Kerala
ധനമന്ത്രിയുടെ പെട്ടിയിലെന്താകും? ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സംസ്ഥാന ബജറ്റിൽ പ്രതീക്ഷയുമായി കേരളം
Kerala

ധനമന്ത്രിയുടെ പെട്ടിയിലെന്താകും? ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സംസ്ഥാന ബജറ്റിൽ പ്രതീക്ഷയുമായി കേരളം

Web Desk
|
4 Feb 2024 1:14 AM GMT

ക്ഷേമപെൻഷൻ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നായിരിന്നു എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇത് പാലിക്കാനുള്ള നടപടികൾ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഉണ്ടായിട്ടില്ല.

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ബജറ്റായത് കൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. കടുത്ത ധനപ്രതിസന്ധി നിലനില്‍ക്കുന്നതുകൊണ്ട് അധിക വിഭവസമാഹരണത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുണ്ട് മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി തുടർച്ചയായി പറയുന്നതാണ്. അങ്ങനെ മുണ്ട് മുറുക്കിയുടുക്കുന്ന കാലത്തെ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ധനമന്ത്രിയുടെ പെട്ടിയിലെന്തുണ്ട് എന്ന പഴയ ചോദ്യത്തിന് ഇപ്പോള്‍ കാര്യമായ പ്രസക്തിയില്ല. കാരണം പെട്ടിയില്‍ കാര്യമായി ഒന്നുമില്ല. അതിന് കാരണം കേന്ദ്രമാണെന്നാണ് സ‍‍ര്‍ക്കാര്‍ വാദം.

കെട്ടിടനിർമാണ മേഖലയിലടക്കം സാമ്പത്തിമാന്ദ്യം കാര്യമായി ബാധിച്ചുവെന്ന ബോധ്യം സർക്കാരിന് ഉണ്ടായിട്ടുണ്ട്. ഇതിന് പരിഹാരമെന്ന നിലയിൽ ജനങ്ങളിലേക്കു കൂടുതൽ പണമെത്തിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചേക്കും. അതിനായി ചില മാന്ത്രിക വടികള്‍ ധനമന്ത്രി മുന്നില്‍ കാണുന്നുണ്ട്.

പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ബജറ്റില്‍ അത് മാത്രം പറഞ്ഞിട്ടും കാര്യമല്ല. കാരണം ലോക്സഭ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കകം ഉണ്ടാകും. ജനങ്ങളെ കൈയില്ലെടുക്കണ്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകണം. ക്ഷേമ പെന്‍ഷന്‍ വർധനവാണ് ഇതിന് പറ്റിയ മാർഗങ്ങളില്‍ ഒന്ന്. ക്ഷേമപെൻഷൻ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നായിരിന്നു എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇത് പാലിക്കാനുള്ള നടപടികൾ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഉണ്ടായിട്ടില്ല.

നിലവിലുള്ള 1600 എന്നത് നൂറു രൂപയെങ്കിലും വർധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ആറ് മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ തന്നെ കുടിശ്ശികയാണ്. ഇനിയും വർധിപ്പിച്ചാല്‍ എങ്ങനെ കൊടുക്കുമെന്ന ചോദ്യമാണ് ധനവകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. സർക്കാർ ജീവനക്കാരുടെ ഒന്നോ രണ്ടോ ഡിഎ കുടിശ്ശിക ബജറ്റില്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. റബറിന്‍റെ താങ്ങുവില പത്ത് രൂപയോ ഇരുപത് രൂപയോ വർധിപ്പിച്ചേക്കും.

നവകേരള സദസില്‍ നിരവധി നിർദ്ദേശങ്ങള്‍ മുഖ്യമന്ത്രി ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രായോഗികമായവ നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വരുമാനം കണ്ടെത്താനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. സർക്കാർ സേവനങ്ങളുടെ നിരക്കുകളില്‍ ചെറിയ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ധന,മദ്യ സെസ് മാതൃകയില്‍ മറ്റ് ചിലയിടങ്ങളിലും സെസ് ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ട്. ഭൂ നികുതിയില്‍ വീണ്ടും വർധനവുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും കെട്ടിട നികുതി വർധിപ്പിച്ചേക്കില്ല. മാന്ദ്യവിരുദ്ധ പാക്കേജ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts